കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ബിപിഎൽ കാർഡ് ഉടമകൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് സഹായമായി നൽകുക. വരുമാനമാർഗ്ഗമുള്ള അംഗത്തെ നഷ്ടമായ ബിപിഎൽ കാർഡുള്ള കുടുംബങ്ങൾക്കാണ് ആനുകൂല്യം.സംസ്ഥാനത്തെ ഏകദേശം 30,000 കുടുംബങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. ഏകദേശം 300 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പ്രതിസന്ധി അനുഭവിക്കുന്നവർക്കായി നിരവധി സഹായങ്ങളാണ് സർക്കാർ ചെയ്യുന്നത് . കോവിഡ് ബാധിച്ച് രക്ഷിതാക്കൾ മരിച്ചതിനെ തുടർന്ന് അനാഥരാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി ആരംഭിച്ച ബാല സേവ പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു.