അജയ് സിംഗ് ബിഷ്ട് അഥവാ യോഗി ആദിത്യനാഥ്, 2017 ൽ ഉത്തർപ്രദേശിൽ നേടിയ വൻ വിജയത്തിനു പിന്നാലെ ബിജെപി ദേശീയ രാഷ്ട്രീയത്തിൽ അടിവരയിട്ടുവച്ച പേര്. 2016 നവംബറോടുകൂടി രാജ്യത്ത് കോളിളക്കം തീർത്ത നോട്ടു നിരോധനവും പ്രതികൂല തരംഗവും മറികടന്ന്, ആകെയുള്ള 403 സീറ്റിൽ 312 ഉം നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഉത്തർപ്രദേശിന്റെ അധികാര ചക്രം കൈവശ
പ്പെടുത്തിയത്. തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ വിവാദങ്ങൾ വലയം തീർത്ത യോഗി ആദിത്യനാഥിനെ അമരത്തു നിർത്തിയുള്ള ഭരണം തങ്ങളുടെ രാഷ്ട്രീയമെന്തെന്ന് ഒന്നുകൂടി ഉറപ്പിക്കാൻ ബി ജെ പിയെ സഹായിച്ചു. ബി ജെ പിയിൽ തങ്ങളുടെ ശക്തിയും സ്വാധീനവും എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ആർ എസ് എസ്സിനെയും. ന്യൂനപക്ഷ വിരുദ്ധതയുടെ പേരിൽ, പ്രത്യേകിച്ച് മുസ്ലിം -ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളുടെ ഫാക്ടറി എന്ന നിലയിലാണ് യോഗി അറിയപ്പെട്ടത്. അത്തരമൊരാളെ ഇന്ത്യയിലെ ഹൃദയ സംസ്ഥാനമായ യു പി യുടെ സാരഥ്യമേൽപ്പിച്ചപ്പോൾ, ഇന്ത്യൻ മതേതരത്വത്തിനു എത്രത്തോളം ക്ഷതമേറ്റെന്നത് പോയ വർഷങ്ങൾ കാട്ടിത്തന്നു.
2022ൽ യുപി വീണ്ടും തെരഞ്ഞെടുപ്പിനെ വരവേൽക്കുമ്പോൾ സ്ഥിതിഗതികൾ സാരമായി കുഴഞ്ഞു മറഞ്ഞെന്നതാണ് വാസ്തവം. മോദിയുടെ പ്രതിരൂപമെന്ന യോഗിയുടെ ഖ്യാതി മങ്ങിതുടങ്ങിയിരിക്കുന്നു. മോദിക്കും യോഗിക്കും ഇടയിൽ പരസ്യമായ രഹസ്യമായി ഒരു ശീതയുദ്ധം നടക്കുന്നു. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാൻ യോഗിക്കാവില്ലെന്ന വിലയിരുത്തലിൽ ദേശീയ നേതൃത്വം കരുക്കൾ നീക്കുന്നു. കേന്ദ്രത്തിന്റെ ഇടപെടൽ യോഗിയെ അസ്വസ്ഥനാക്കുന്നു. യു പിയുടെ നാളെകൾ എങ്ങനെ ഭവിക്കുമെന്നത് ആകാംക്ഷ ഭരിതമാകുന്ന സ്ഥിതിവിശേഷം. അതേസമയം, വരും വർഷങ്ങളിൽ പാർട്ടിക്കുള്ളിലെ വിഭാഗീയതകൾ തന്നെ ബി ജെപി ക്ക് തിരിച്ചടിയാകുമോ എന്നത് മറുഭാഗത്ത് സജീവമാണ്. എന്നാൽ ഇത്തരം അസ്വാരാസ്യങ്ങൾ നിലനിൽക്കുമ്പോഴും വളരെ പ്രകടമായ ഭരണവിരുദ്ധ വികാരം അലയടിക്കുമ്പോഴും യുപിയിൽ പ്രതീക്ഷ കൈവിടാൻ ബി ജെ പി ഒരുക്കമല്ല. അതിനായി തന്ത്രങ്ങൾ മെനയാനും പയറ്റാനും തുടങ്ങിക്കഴിഞ്ഞു.
യോഗിക്ക് പിഴച്ചതെവിടെ?
ഏപ്രിലിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും അയോധ്യ, മഥുര, ലക്നൗ എന്നീ പ്രമുഖ നഗരങ്ങളുൾപ്പെടുന്ന ജില്ലകളിലും ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാന ഭരണം നിർണയിക്കുന്നതിൽ മുഖ്യഘടകമാകാറുള്ള വാരാണസിയിലും മഥുരയിലും ലക്നൗവിലും സമാജ്‍വാദി പാർട്ടിയും അയോധ്യയിൽ ബിഎസ്പിയും മുന്നിലെത്തിയത് ബി ജെ പി ക്ക് കനത്ത തിരിച്ചടിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തി നിൽക്കെ പരാജയത്തിന്റെ ആഴം വർധിക്കുകയും ചെയ്തു. എന്നാൽ യോഗി സർക്കാരിനെതിരെയുള്ള ജനാരോഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചതെന്നാണ് ബി ജെ പി കണക്കുകൂട്ടൽ.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ യോഗി സർക്കാർ കാട്ടിയ അലംഭാവവും പിന്നാലെ വന്ന വിമർശനങ്ങളുമായിരുന്നു കേന്ദ്രത്തിന്റെ കണ്ണിലെ മറ്റൊരു കരട്. രണ്ടാം താരംഗത്തിൽ അനിയന്ത്രിതമായ കോവിഡ് ബാധയും മരണങ്ങളും ഗംഗ നദിയിൽ ഒഴുകിയ മൃതദേഹങ്ങളുമൊക്കെ യോഗിയെ വീണ്ടും വീണ്ടും പ്രതിക്കൂട്ടിൽ കയറ്റി. മന്ത്രിമാരും എം എൽ എ മരുമടക്കം രോഗം ബാധിച്ചു മരിച്ചത് ഇരട്ട പ്രഹരമായി.
സ്വന്തം പാളയത്തിൽ നിന്ന് തന്നെ രൂക്ഷ വിമർശനങ്ങളുയർന്നു.
എംഎൽഎമാരും എംപിമാരും ഉൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ പരാതി ഉന്നയിച്ചു. കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ മുഖ്യമന്ത്രി രാജ്യദ്രോഹം ചുമത്തി തന്നെ ജയിലിലടയ്ക്കുമെന്നായിരുന്നു സീതാപ്പുർ എംഎൽഎ രാകേഷ് റാത്തോഡ് ആഞ്ഞടിച്ചത്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായത് കേന്ദ്രത്തിൽ നിന്നുള്ള അനിഷ്ടം വർധിപ്പിച്ചു.
കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ കേന്ദ്രത്തിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ബി ജെ പി, ആർ എസ് എസ് ദേശീയ നേതാക്കൾ ഇക്കഴിഞ്ഞ മെയ് മാസം ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. യുപി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ആർഎസ്എസും ഈ യോഗത്തിൽ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയെ മാറ്റുന്നത് തിരിച്ചടിയായേക്കാം എന്ന കണക്കുകൂട്ടലിലാണ് യോഗിയെ തൽക്കാലം മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിജെപി ദേശീയ നേതൃത്വം എത്തിയതെന്നാണ് സൂചന. പ്രതിസന്ധികൾക്കിടെ, യോഗി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
യു പി ക്കു വേണ്ടിയുള്ള പടയൊരുക്കം
നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാൻ യോഗിക്ക് സാധിക്കില്ലെന്ന് ദേശീയ നേതൃത്വത്തിന് ബോധ്യമായി കഴിഞ്ഞു. ഇതിന്റെ തെളിവാണ് മന്ത്രിസഭാ പുനസംഘടനയ്ക്കുള്ള ഒരുക്കങ്ങൾ. യോഗിയും യു പി യിലെ എം എൽ എ മാരും തമ്മിലുള്ള തർക്കങ്ങൾ ഒത്തുതീർപ്പാക്കുകയാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ പാർട്ടി അധ്യക്ഷനായും നിലവിലെ അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, മുൻ ഐ എ എസ് ഉദ്യോഗസ്ഥനും യു പി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ എ കെ ശർമ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുമാണ് കേന്ദ്ര നീക്കം. മോദിയുടെ വിശ്വസ്തനായ എ.കെ. ശർമയെ യുപിയിൽ സുപ്രധാന സ്ഥാനത്തേക്കു കൊണ്ടുവരുന്നത് യോഗിയെ നിയന്ത്രിക്കാനാണെന്നും വ്യക്തമാണ്. മോദിയുടെ മണ്ഡലമായ വാരാണസിയിലടക്കം കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട എ കെ ശർമ്മയുടെ ഇടപെടൽ കയ്യടി നേടിയിരുന്നു. ഇതോടെ എ കെ ശർമയ്ക്ക് പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്വീകാര്യത വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ശർമ യോഗിക്ക് എതിരാളിയായാണ് അവതരിക്കുകയെന്നതിൽ സംശയമില്ല.
അതേസമയം, ജാതിസമവാക്യങ്ങൾക്ക് യുപിയിലെ തെരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്നതിൽ സുപ്രധാന പങ്കുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാക്കൂർ വംശജനായതിനാൽ സർക്കാർ സ്ഥാനങ്ങളിൽ ഉൾപ്പെടെ ഠാക്കൂർ വംശജർക്ക് അമിതപ്രാധാന്യം ലഭിക്കുന്നെന്ന പരിഭവം യു പി യിലെ ബ്രാഹ്മണ സമുദായത്തിനുണ്ട്. യു പി, ബി ജെ പി യിൽ ആദ്യം ഉടലെടുത്ത പ്രശ്നങ്ങളിൽ ഒന്നായിരുന്നു ഇത്. എന്നാൽ ഇതിനു നേതൃത്വം പരിഹാരം കണ്ടു കഴിഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദയെ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് എത്തിച്ചത് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ബ്രാഹ്മണ സമുദായത്തെ അനുനയിപ്പിക്കാൻ ബ്രാഹ്മണനായ ജിതിന്റെ വരവോടെ കഴിയുമെന്നു പാർട്ടി കണക്കുകൂട്ടുന്നു. ജിതിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഒഴിവു വരുന്ന യുപി ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിൽ ഒന്ന് ജിതിനു നൽകാനും ശേഷം മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്താനുമാണ് പദ്ധതി. നിലവിൽ, 53 അംഗ മന്ത്രിസഭയിൽ ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള എട്ടു മന്ത്രിമാരാണുള്ളത്.
അപ്നാദൾ നേതാവും മുൻ കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ ഭർത്താവുമായ ആശിഷ് പട്ടേലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പട്ടേൽ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനും നീക്കമുണ്ട്.
കിഴക്കൻ യുപിയിൽ, പ്രത്യേകിച്ച് ഗൊരഖ്പുർ, മിർസാപുർ തുടങ്ങിയ സ്ഥലങ്ങളിൽ ഏറെ സ്വാധീനമുള്ള സഞ്ജയ് നിഷാദിന്റെ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമമാണ് മറ്റൊന്ന്. കർഷക സമരത്തിന്റെ അലയൊലികൾ അടങ്ങാത്ത, ജാട്ട്– മുസ്‌ലിം സമുദായത്തിനു സ്വാധീനമുള്ള പടിഞ്ഞാറൻ യു പി യിലെ വോട്ടു നഷ്ടം പരിഹരിക്കാൻ ഇതുകൊണ്ട് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. 2018 ൽ ഗൊരഖ്പുരിൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ നിഷാദ് പാർട്ടി, സമാജ്വാദി പാർട്ടിയുമായി കൈകോർത്തപ്പോഴാണ് ബി ജെ പിക്ക് അടിതെറ്റിയത്. നിഷാദ് പാർട്ടിയുമായി അടുക്കാൻ ബി ജെ പി യെ പ്രേരിപ്പിക്കുന്നതും ഇതു തന്നെയാകാം. യുപി ചീഫ് സെക്രട്ടറിയായി വിരമിച്ച, 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ അനൂപ് ചന്ദ്ര പാണ്ഡയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതും കച്ചമുറുക്കിയൊരുങ്ങുന്നതിന്റെ ഭാഗം തന്നെ.