2021 വർഷത്തെ ഹജ്ജ് രജിസ്ട്രേഷന് സൗദി അറേബ്യ തുടക്കം കുറിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെന്ന മുൻഗണനാ ക്രമത്തിലല്ല ഹജ്ജിന് തെരഞ്ഞെടുക്കുക. എല്ലാവർക്കും രജിസ്റ്റർ ചെയ്യാം. ഇതിൽ നിന്നും പരിശോധനകളും നടപടിക്രമങ്ങളും പാലിച്ചാകും ഹജ്ജിനുള്ളവരെ തെരഞ്ഞെടുക്കുക. ജൂൺ 23 രാത്രി 10 മണി വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസരമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിനു പുറത്ത് നിന്നുള്ളവർക്ക് അനുമതി നൽകാതത് തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം 15 കോടി ജനങ്ങൾക്ക് മികച്ച സൗകര്യത്തോടെയും സുരക്ഷയോടെയുംതീർത്ഥാടകരെ പുണ്യസ്ഥലങ്ങളിൽ എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്തു.
വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തരായ 18-നും 65-നും ഇടയിലുള്ള സൗദിയില്‍ സ്ഥിരതാമസക്കാരായ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമാണ് ഇപ്രാവശ്യത്തെ ഹജിന് അനുമതിയുള്ളത്. ഇവര്‍ തമ്മിലെ അനുപാതം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോവിഡ് വാക്സിനേഷന് രണ്ടു ഡോസ് പൂര്‍ത്തിയാക്കുക, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരായിരിക്കുക, കോവിഡ് ബാധയില്‍ നിന്നു മുക്തരായി വാക്സിനേഷനിലൂടെ പൂര്‍ണ രോഗപ്രതിരോധ ശേഷി ആര്‍ജിച്ചവരാകുക എന്നിവയാണ് അപേക്ഷിക്കാനുള്ള നിബന്ധന.