ഒമാനിൽ കോവിഡ് വ്യാപനം ഗുരുതരമായി തന്നെ തുടരുന്നു. 4415 പേർക്ക് കൂടി രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ സമയത്താണ് ഇത്രയും പേർ രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,34,634 ആയി. 46 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവർ 2514 ആയി. ഇതിൽ 24 മരണങ്ങളും സംഭവിച്ചത് ശനിയാഴ്ചയാണ്.
മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് രാജ്യത്ത് പ്രതിദിന മരണസംഖ്യ 20 കടക്കുന്നത്. വ്യാഴാഴ്ച 15 പേരും വെള്ളിയാഴ്ച ഏഴുപേരും മരിച്ചു. 3157 പേർക്ക് കൂടി രോഗം ഭേദമായി. 2,10,952 പേരാണ് ഇതുവരെ രോഗമുക്തരായത്. 153 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.