മനാമ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈൻ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനെ തുടർന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി നിർത്തിയത്.
ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴിൽ വിസ നൽകുന്നത് ബഹറൈന്‍ നിർത്തിവെച്ചിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ കര്‍മ്മ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളിലെ കോവിഡ് കേസുകളിലെ വര്‍ധനവിന്റെയും പ്രാദേശിക സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെയും പാശ്ചാത്തിലാണ് പുതിയ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത്.
നിലവില്‍ ബഹ്റൈനിലുള്ള ഈ രാജ്യക്കാര്‍ക്ക് വിസ പുതുക്കാന്‍ അപേക്ഷിക്കാനാകുമെന്ന് എല്‍എംആര്‍എ വൃത്തങ്ങള്‍ അറിയിച്ചു.മെയ് 24നാണ് കോവിഡ് കേസുകള്‍ വര്‍ധിച്ച രാജ്യങ്ങളെ ബഹ്റൈന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് സന്ദര്‍ശക വിസ, ഇ-വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവയില്‍ ഈ രാജ്യക്കാര്‍ക്ക് പ്രവേശനം നിര്‍ത്തിവെച്ചു.
സാധുവായ റെസിഡന്റ് വിസ ഉള്ളവര്‍ക്കും പൗരന്മാര്ക്കും മാത്രമാണ് പ്രവേശനം. ഇവര്‍ യാത്രക്ക് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക്റ്റ് ഹാരാക്കാണം. ബഹ്റൈനില്‍ എത്തിയാല്‍ രണ്ട് കോവിഡ് പരിശോധനയും 10 ദിവസത്തെ ക്വാറന്റയ്നും ഉണ്ട്.
അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമായി മാറുന്നുണ്ട്. 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 31 ദിവസമായി പുതിയ രോഗബാധിതരേക്കാള്‍ മുകളിലാണ് രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 95.26 ശതമാനമായി ഉയര്‍ന്നു.