യൂറോ കപ്പിൽ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ടിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ കീഴ്പ്പെടുത്തിയത്. 57ആം മിനിട്ടിൽ മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ് ആണ് ഗോൾ നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
ആദ്യ പകുതിയിൽ ഇംഗ്ലണ്ടാണ് കൂടുതൽ ആക്രമണം കാഴ്ചവച്ചത്. സ്റ്റെർലിങും ഹാരി കെയിനും ചേർന്ന മുന്നേറ്റ നിര പലപ്പോഴും ക്രൊയേഷ്യൻ പ്രതിരോധത്തെ പരീക്ഷിച്ചു. പക്ഷേ, ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിലും മികച്ച ആക്രമണം പുറത്തെടുത്ത ഇംഗ്ലണ്ട് 57-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിലൂടെ മുന്നിലെത്തി. കാല്വിന് ഫിലിപ്പ്സിന്റെ അളന്നുമുറിച്ച പാസില്‍ നിന്നായിരുന്നു സ്റ്റെര്‍ലിങ്ങിന്റെ ഗോള്‍.
രണ്ടാം പകുതിയില്‍ താളം കണ്ടെത്തിയ ക്രൊയേഷ്യയ്ക്ക് പക്ഷേ കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.
9.30നു ആരംഭിക്കുന്ന രണ്ടാം മത്സരത്തിൽ നോർത്ത് മാസിഡോണിയ ഓസ്ട്രിയയെ നേരിടും. മൂന്നാം മത്സരത്തിൽ നെതർലൻഡ്സ് – യുക്രൈനെ നേരിടും.