ന്യൂഡൽഹി: രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനേക്കാൾ ഏഴിരട്ടി പേരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചിരിക്കാമെന്ന് പഠന റിപ്പോർട്ട്. കോവിഡ് മരണത്തെ സംബന്ധിച്ച നിർണായക പഠനറിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ, റിപ്പോർട്ടിനെ തള്ളി കേന്ദ്രസർക്കാർ രംഗത്തെത്തി.
ഒരു അടിസ്ഥാനവുമില്ലാതെയാണ് പഠനം നടത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം ആരോപിച്ചു. അറിയപ്പെടുന്ന വസ്തുതകളെ മുൻനിർത്തി മരണം പ്രവചിക്കുക മാത്രമാണ് പഠനത്തിൽ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പരിശോധിച്ചിട്ടില്ല. മാസിക മരണസംഖ്യ കണക്കാക്കാൻ ഉപയോഗിച്ച ടൂളുകൾ ഒരു രാജ്യവും അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
പഠനം നടത്തിയ സ്ഥലത്തെ കുറിച്ചും ഇതിനായി ഉപയോഗിച്ച മാർഗത്തെ കുറിച്ചും മാസിക മൗനം പാലിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ കോവിഡ് ഡാറ്റമാനേജ്മെൻറ് പൂർണമായും സുതാര്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പബ്ലിക്കേഷന്റെ പേര് പരാമാർശിക്കാതെയാണ് പഠനത്തിനെതിരെ രംഗത്തെത്തിയത്.