പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്ക് താരം ബാർബറ ക്രെജിക്കോവ. ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് സീഡ് ചെയ്യപ്പെടാത്ത താരമായ ക്രെജിക്കോവ കിരീടം ചൂടിയത്. ചെക്ക് താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് കിരീടമാണിത്.
സ്കോർ 6-1, 2-6, 6-4.
ഇതോടെ 40 വർഷത്തിന് ശേഷം റോളണ്ട് ഗാരോസിൽ കിരീടം നേടുന്ന ചെക്ക് വനിതാ താരം എന്ന ചരിത്രനേട്ടവും ക്രെജിക്കോവയ്ക്ക് സ്വന്തമായി. ഇതിന് മുമ്പ് 1981-ൽ ഹന മന്ദ്ലികോവയാണ് ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടിയ ചെക്ക് വനിതാ താരം. അന്ന് ചെക്കോസ്ലോവാക്യയെയാണ് ഹന മന്ദ്ലികോവ പ്രതിനിധീകരിച്ചത്.
താനൊരു ഗ്രാൻസ്ലാം കിരീടം നേടിയെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങിൽ ക്രെജിക്കോവ പറഞ്ഞു. കരിയറിൽ 52 ഗ്രാൻസ്ലാമുകളിൽ കളിച്ച പാവ്ല്യുചെങ്കോവക്ക് ആദ്യ ഗ്രാൻസ്ലാം ഫൈനലിൽ കിരീടം സ്വന്തമാക്കാനായില്ല.