ലോക ഒന്നാം നമ്പർ ടീമായി യൂറോ കപ്പിനെത്തുന്ന ബെൽജിയത്തിന് ഇന്ന് ആദ്യ പോരാട്ടം. ഗ്രൂപ്പ് ബിയിൽ രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ റഷ്യയാണ് എതിരാളികൾ. ലോക ഫുട്ബോളിലെ ഒന്നാമൻമാരായാണ് ബെൽജിയം യൂറോ കപ്പിനെത്തുന്നത്. സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ ബെൽജിയം ആരാധകർ കൊതിക്കുന്നത് കിരീട നേട്ടത്തിലെത്തുന്ന തുടക്കമാണ്.
റഷ്യക്കെതിരെ മേധാവിത്വം റോബർട്ടോ മാർട്ടിനസിന്റെ സംഘത്തിന് തന്നെയാണ്. ശാരീരികക്ഷമത തെളിയിക്കാത്തതിനാൽ ഹസാർഡും ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയേറ്റ പരിക്ക് ഭേദമാകാത്തതിനാൽ ഡിബ്രൂയിനും ഇല്ലെന്നത് ശൂന്യതയാണ്. ഡ്രീസ് മെർട്ടൻസും റൊമേലു ലുക്കാക്കുവും അത് നികത്താൻ പോന്നവരാണ്. ടൂർണമെന്റിലെ ഏറ്റവും പരിചയസമ്പന്ന നിരയാണ് ബെൽജിയത്തിന്റേത്. ടീമിലെ നാല് കളിക്കാർ നൂറ് മത്സരങ്ങൾ പിന്നിട്ടവരാണ്. പത്ത് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ബെൽജിയം അടിച്ചുകൂട്ടിയത് നാൽപ്പത് ഗോളുകളാണ്. എന്നാൽ അവർ വഴങ്ങിയതാവട്ടെ രണ്ട് ഗോൾ മാത്രമാണ്. മുന്നേറ്റവും മധ്യനിരയും ലോകോത്തരമെങ്കിലും പ്രതിരോധത്തിൽ വലിയ പേരുകളില്ല എന്നതിനെ ബെൽജിയത്തിന് മറികടക്കേണ്ടതുണ്ട്.
മറുവശത്ത് ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തുകയാണ് റഷ്യയുടെ ലക്ഷ്യം. ബെൽജിയത്തിനെതിരെ ഒരു സമനില പോലും അവരെ സന്തോഷിപ്പിക്കും. എതിരാളികളെ മുൾമുനയിൽ നിർത്തുന്ന പ്രത്യാക്രമണമാണ് ചെർഷെസോവിന്റെ സംഘത്തിന്റെ കരുത്ത്. മധ്യനിരയിൽ മികവ് കാട്ടുന്ന അലക്സാന്ദ്രേ ഗൊളോവിനിലാണ് ടീമിന്റെ പ്രതീക്ഷ.
നേർക്കുനേർ പോരിൽ ബെൽജിയത്തിന് തന്നെയാണ് ആധിപത്യം. ഏറ്റുമുട്ടിയ ഏഴ് കളികളിലും റഷ്യക്ക് ജയിക്കാനായിട്ടില്ല. ഇത്തവണ യോഗ്യതാ റൗണ്ടിൽ നേർക്കുനേർ വന്നപ്പോഴും ബെൽജിയം നേടിയത് ഏകപക്ഷീയ ജയങ്ങളാണ്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ ആതിഥേയർക്ക് തന്നെയാവും നഷ്ടം.
2019ലാണ് ഇരു ടീമും അവസാനം ഏറ്റുമുട്ടിയത്. അന്ന് ബെൽജിയം ഒന്നിനെതിരെ നാല് ഗോളിന് റഷ്യയെ തോൽപിച്ചു.