തൃശൂർ∙ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിയായ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്ട്ടിന് ജോസഫ് പിടിയില്‍. മുണ്ടൂരിലെ ഒളിത്താവളത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. കാടിന്റെ ഉള്‍ഭാഗത്തായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ഇയാളെ രാത്രിതന്നെ എറണാകുളത്ത് എത്തിക്കും.
ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. ഇയാള്‍ തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത്. മാര്ട്ടിന് ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.
ഏപ്രിൽ 8 നാണ് മാർട്ടിനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശിനി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ്, മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്ലാറ്റ് ഒഴിവാക്കി മാർട്ടിൻ ഒളിവിൽ പോയിരുന്നു. തുടർന്ന് സെഷൻസ് കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നിലവിൽ പൊലീസിൽ പരാതി നൽകിയ യുവതിയെ മാത്രമല്ല, മറ്റൊരു യുവതിയെയും മാർട്ടിൻ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തന്നെ ഫ്ലാറ്റിൽ കയറി വന്ന് മാർട്ടിൻ മർദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.