ചെങ്ങന്നൂർ: കഴിഞ്ഞ മൂന്നാഴ്ചയായി പ്രവർത്തിക്കാതിരുന്ന ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസി തുറന്നു പ്രവർത്തിക്കാൻ നടപടിയായി. നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ കെ.ഷിബു രാജൻ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഇന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിയ ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ മഞ്ജു പ്രതാപ് സ്ഥല പരിശോധന നടത്തി. കാലതാമസം വരുത്താതിരിക്കാൻ റിപ്പോർട്ട് ജില്ലാ മരുന്നു സംഭരണശാലയിലെ വെയർഹൗസ് മാനേജർ മുഖേന എറണാകുളത്തെ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഓഫീസിൽ നേരിട്ട് എത്തിച്ചു ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.
ചെങ്ങന്നൂരിലെ കാരുണ്യ ഫാർമസി നിർത്തിയതിനെ തുടർന്ന് വർക്കിംഗ് അറേഞ്ച് മെന്റിൽ പത്തനംതിട്ടയിലേയ്ക്കും മാവേലിക്കരയിലേയ്ക്കും മാറ്റിയ രണ്ടു ഫാർമസിസ്റ്റുകളെ തിരികെ ചെങ്ങന്നൂരിൽ നിയമിച്ച് ഉത്തരവായി. പ്രവർത്തനം നിലച്ചതിനെ തുടർന്ന് ശേഖരിച്ചു വെച്ചിരുന്ന മരുന്നുകളെല്ലാം മറ്റു ഫാർമസികളിലേയ്ക്ക് മാറ്റിയിരുന്നു. ചെങ്ങന്നൂരിലേയ്ക്ക് ആവശ്യമായ മരുന്നുകൾ വീണ്ടും എത്തിക്കുന്നതിനുളള നടപടികളും പൂർത്തിയായി.
ജൂൺ14 മുതൽ ഫാർമസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളാണ് പൂർത്തീകരിച്ചത്. പുറത്തു നിന്നു ലഭിക്കുന്ന മരുന്നുകളേക്കാൾ 20 ശതമാനം മുതൽ 90 ശതമാനം വരെ വിലക്കുറവിലാണ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നുകൾ ലഭിക്കുന്നത്. ക്യാൻസറടക്കമുള്ള മാരക രോഗങ്ങൾ ബാധിച്ചവരും ഡയാലിസീസ് ചെയ്യുന്ന രോഗികളും വലിയ തുക മുടക്കി പുറത്തു നിന്നു മരുന്നുകൾ വാങ്ങേണ്ട ഗതികേടിലാണ്. ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് വിദൂരങ്ങളിലുള്ള കാരുണ്യ ഫാർമസികളിൽ പോയി മരുന്നു വാങ്ങാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു.
ജില്ലാ ആശുപത്രിയിലെ മുൻ വശത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ തുടർന്ന് കഴിഞ്ഞ മെയ് 20 മുതൽ കാരുണ്യ ഫാർമസിയുടെ പ്രവർത്തനം നിർത്തി വെച്ചിരുന്നു. ജില്ലാ ആശുപത്രി കഴിഞ്ഞ മെയ് 3 മുതൽ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. കാരുണ്യ ഫാർമസിക്കായി പ്രത്യേക മുറി സജ്ജീകരിച്ച് ലൈസൻസിനുളള അപേക്ഷയും സമർപ്പിച്ചു. സൗകര്യങ്ങൾ പരിശോധിച്ച് ലൈസൻസ് നൽകാൻ വൈകിയതിനെ തുടർന്നാണ് പ്രവർത്തനം പുനരാരംഭിക്കാതിരുന്നത്. ശരിയായ രേഖകൾ ലഭിക്കാൻ വൈകിയതും ലോക്ഡൗൺ നിയന്ത്രണങ്ങളുമാണ് പരിശോധന വൈകാൻ കാരണമെന്നു പറയുന്നു.
മെയ് 2 നാണ് ലൈസൻസിനുള്ള അപേക്ഷ ജില്ലാ ഡ്രഗ് കൺടോളിംഗ് ഇൻസ്പെക്ടർ ഓഫീസിൽ ലഭിച്ചത്. പരിശോധനയിൽ മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെ കുറവും കണ്ടെത്തിയിട്ടുണ്ട്. ബോയസ് ഹൈസ്ക്കൂളിൽ ആശുപത്രി പ്രവർത്തനമാരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഫാർമസി തുറക്കാത്തതിനെ തുടർന്നാണ് നഗരസഭാ കൗൺസിലർ കെ.ഷിബു രാജൻ ആരോഗ്യ വകുപ്പുമന്ത്രിയ്ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകുകയും വകുപ്പുതല ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ വേഗത്തിലാക്കി ഫാർമസി തുറക്കാൻ വേണ്ട നടപടിയൊരുക്കിയത്.