കൊച്ചി : പുതുക്കിയ ആദായനികുതി റിട്ടേൺ ഇ-ഫയലിങ് പോർട്ടൽ ജൂൺ ഏഴിന് തിങ്കളാഴ്ച പുറത്തിറക്കും. എളുപ്പത്തിൽ നികുതി കണക്കാക്കാനും ഫയൽ ചെയ്യാനുമുള്ള സൗകര്യം പോർട്ടലിലുണ്ടാകും. ഇതൊടപ്പം ഐടിആർ ഫയൽചെയ്യുന്നതിന് സൗജന്യ സോഫ്റ്റ് വെയറും ലഭ്യമാക്കും.
നിലവിലെ വെബ് വിലാസമായ incometaxindiaefiling.gov.in എന്നതിനുപകരം incometax.gov.in എന്നതായിരിക്കും പുതിയ വിലാസം. റിട്ടേൺ നൽകിയ ഉടനെ പ്രൊസസിങ് നടക്കും. ഉടനടി റീഫണ്ടും നൽകും. ഇ-ഫയലിങുമായി ബന്ധപ്പെട്ട് പൂർത്തിയാക്കാനുള്ള നടപടികൾ ഒരു ഡാഷ്ബോർഡിൽ കാണിക്കും. തുടർ നടപടികളുടെയും ഇടപാടുകളുടെയും വിവരങ്ങൾ അതിൽ ഉണ്ടാകും. ഐടിആർ തയ്യാറാക്കാൻ സൗജന്യ സോഫ്റ്റ് വെയർ ഉണ്ടാകും, ചോദ്യങ്ങൾക്ക് യഥാസമയം മറുപടിയും ലഭിക്കും. ഐടിആർ 1, 4 (ഓൺലൈൻ ആൻഡ് ഓഫ്ലൈൻ) ഐടിആർ 2(ഓഫ്ലൈൻ) സോഫ്റ്റ് വെയറുകളാണ് ലഭ്യമാക്കുക.
ഐടിആർ 3,5,6,7 തുടങ്ങിയവ തയ്യാറാക്കാനുള്ള സൗകര്യവും പോർട്ടലിൽ വൈകാതെ ഉൾപ്പെടുത്തും. ശമ്പളം, വാടക, ബിസിനസ്, പ്രൊഫഷൻ എന്നിവയിൽനിന്നുള്ള വരുമാനം മുൻകൂറായി പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും. ശമ്പളം, വരുമാനം, മൂലധനനേട്ടം, ലാഭവിഹിതം, ടിഡിഎസ് വിവരങ്ങൾ എന്നിവയും നേരത്തെ തന്നെ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. അന്വേഷണത്തിന് യഥാസമയം മറുപടി നൽകാൻ കോൾസെന്റർ സേവനവും ഉണ്ടാകും. ഓൺലൈനായി നികുതി അടയ്ക്കാൻ യുപിഐ ഉൾപ്പടെയുള്ള സൗകര്യവും ലഭ്യമായിരിക്കും. ഇ-ഫയലിങ് പോർട്ടലിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പ് ജൂൺ 18ന് പുറത്തിറക്കും.