പാരിസ്: മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി. നാലാം റൗണ്ടിൽ ഒമ്പതാം സീഡ് മതിയോ ബെരെറ്റിനിയുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് ഫെഡറർ ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വർഷത്തെ വിശ്രമം ആവശ്യമായതിനാലുമാണ് പിൻവാങ്ങുന്നതെന്ന് ഫെഡറർ ട്വീറ്റിൽ പറയുന്നു.
‘എന്റെ ടീമുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ, ഞാൻ റോളണ്ട് ഗാരോസിൽ ഇന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു. മുട്ടുകാലിൽ രണ്ട് സർജറികളും ഒരു വർഷത്തെ വിശ്രമവും കഴിഞ്ഞതുകൊണ്ട് തന്നെ എൻ്റെ ശരീരത്തെ ഞാൻ മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തെ കൂടുതൽ നിർബന്ധിക്കാതിരിക്കേണ്ടതുണ്ട്. 3 മത്സരങ്ങൾ കളിച്ചതിൽ സന്തോഷം. കോർട്ടിൽ തിരികെവരുന്നതിനെക്കാൾ സന്തോഷം വേറെയില്ല.’- ഫെഡറർ ട്വിറ്ററിൽ കുറിച്ചു.
മൂന്നാം റൗണ്ടിൽ ഡൊമിനിക് കൊപ്ഫെയ്ക്കെതിരായ മൂന്നു മണിക്കൂറും 35 മിനിറ്റും നീണ്ടു നിന്ന മത്സരത്തിന് ശേഷം പിന്മാറുന്ന കാര്യം ഫെഡറർ സൂചിപ്പിച്ചിരുന്നു. ടൂർണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാൻ കാൽമുട്ടിന് കഴിയുന്നില്ലെന്നും ഫെഡറർ വ്യക്തമാക്കിയിരുന്നു.