കൊച്ചി: കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ ഇന്ന് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. കൊടകര കുഴൽപ്പണക്കേസ് പാർട്ടിയുടെ പ്രതിഛായ ളങ്കപ്പെടുത്തിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് പല ഇടങ്ങളിലും പരാതി ഉയർന്നിട്ടുണ്ട്. നേതൃത്വം ഇതിനു മറുപടി പറയണമെന്ന് വികെ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു.
പാർട്ടിയിൽ കീഴ് ഘടകങ്ങൾ മുതൽ സമഗ്രമായ പുനസംഘടന വേണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് തോൽവിക്ക് കാരണമായി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നതിൻ്റെ ഉത്തരവാദിത്തം അധ്യക്ഷനാണ്. മറ്റാർക്കും അതിൽ ഉത്തരവാദിത്തം ഇല്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിർത്തിയെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. സംഘടനാ സെക്രട്ടറിയും, സംസ്ഥാന അധ്യക്ഷനും, കേന്ദ്രമന്ത്രിയും മറ്റും ചേർന്നെടുക്കുന്ന തീരുമാനങ്ങളാണ് നടന്നത്. ഇത് ശരിയായ നടപടിയല്ല. തീര്‍ത്തും പക്വത ഇല്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. രണ്ടിടത്ത് കെ. സുരേന്ദ്രന് മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യപ്രകാരമായിരുന്നു എന്ന് പറയുന്നത് ശരിയല്ല. പാർട്ടിയിൽ സമഗ്രമായ അഴിച്ചു പണി ആവശ്യമാണെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു.
പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് മര്യാദയെന്ന് മുരളീധര പക്ഷം പറഞ്ഞു. ഇപ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ പാര്‍ട്ടിക്ക് ഉള്ളില്‍നിന്നുതന്നെ ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.