തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് നോട്ടീസ് ലഭിച്ചു. കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ഇന്ന് ചോദ്യം ചെയ്തിരുന്നു.
സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
അതേസമയം കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ്ഐആർ ശേഖരിച്ച ഇഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതിയും ഇഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി നേതാക്കൾ സംശയ നിഴലിലുള്ള കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം ഇല്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും മറ്റ് കേസുകളിൽ കാണിക്കുന്ന താൽപ്പര്യം കൊടകരയിൽ കാണിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം.
ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയിലും ഹർജിയെത്തി. ഇതിനിടെയാണ് കേസ് തങ്ങളുടെ പരിധിയിൽ വരുമോ എന്ന പ്രാഥമിക പരിശോധന ഇഡി തുടങ്ങിയത്. നിലവിൽ കുഴൽപ്പണ കേസിന് വിദേശ ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല എഫ്ഐആറിൽ 25 ലക്ഷം രൂപ കാണാതായെന്നാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ പിഎംഎൽഎ അക്ട് അനുസരിച്ച് കേസ് നിലനിൽക്കുമോ എന്നാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.