ലണ്ടന്‍: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇരട്ട സെഞ്ചുറിയുമായി ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 200 റണ്‍സാണ് കോണ്‍വെ നേടിയത്. ഇന്നിങ്സിന്റെ അവസാനമാണ് താരം പുറത്തായത്. അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് താരമാണ് കോണ്‍വെ. 1999-2000 മാത്യു സിന്‍ക്ലയര്‍ (214) ഇരട്ട സെഞ്ചുറി നേടിയിരുന്നു.
മത്സരത്തില്‍ 347 പന്തുകള്‍ നേരിട്ട കോണ്‍വെ 200 റണ്‍സെടുത്തു. താരത്തിന്റെ ഇരട്ട സെഞ്ചുറി മികവില്‍ ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 378 റണ്‍സെടുത്തു.
അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം താരമാണ് കോണ്‍വെ. ഇംഗ്ലണ്ടിന്റെ ടിപ് ഫോസ്റ്റാണ് ആദ്യ താരം. 1903-04ല്‍ ഓസ്ട്രേലിയക്കെതിരെ 287 റണ്‍സാണ് താരം നേടിയത്. വെസ്റ്റ് ഇന്‍ഡീസ് താരം ലോറന്‍സ് റോ 1971-72ല്‍ ന്യൂസിലന്‍ഡിനെതിരെ 214 റണ്‍സ് നേടി. പിന്നീട് ശ്രീലങ്കന്‍ താരം ബ്രന്‍ഡന്‍ കുറുപ്പും നേട്ടത്തിനര്‍ഹനായി. 1987ല്‍ ന്യൂസിലന്‍ഡിനെതിരെ 201 റണ്‍സുമായി താരം പുറത്താവാതെ നിന്നു. പിന്നീട് ന്യൂസിലന്‍ഡിന്റെ തന്നെ മാത്യു സിന്‍ക്ലയറിന്റെ ഊഴമായിരുന്നു. വിന്‍ഡീസിനെതിരെ 214 റണ്‍സാണ് താരം നേടിയത്. 2003ല്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടെ ജാക്വസ് റുഡോള്‍ഫ് 222 റണ്‍സുമായി പുറത്താവാതെ നിന്നു. ശേഷം കോണ്‍വെയും നേട്ടം സ്വന്തമാക്കി.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗൂലിയുടെ റെക്കോഡ് കോണ്‍വെ മറികടന്നിരുന്നു. ലോര്‍ഡ്സില്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡാണ് കോണ്‍വെ സ്വന്തം പേരിലാക്കിയത്. വ്യക്തിഗത സ്കോര്‍ 132ല്‍ നില്‍ക്കെയാണ് കോണ്‍വെ ഗാംഗുലിയെ മറികടന്നിരുന്നത്.
1996-ല്‍ ലോര്‍ഡ്സിലെ അരങ്ങേറ്റത്തില്‍ 131 റണ്‍സായിരുന്നു ഗാംഗുലി നേടിയത്. 25 വര്‍ഷത്തോളം ഈ റെക്കോഡ് ഇളകാതെ നിന്നു.
മാത്രമല്ല ഹാരി ഗ്രഹാം (ഓസ്ട്രേലിയ), സൗരവ് ഗാംഗുലി എന്നിവര്‍ക്കുശേഷം ലോര്‍ഡ്സില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഇംഗ്ലിഷുകാരനല്ലാത്ത ആദ്യ താരവുമാണ് കോണ്‍വെ.
കോണ്‍വെയുടെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ 378 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്. ഹെന്റി നിക്കോള്‍സ് (61) തിളങ്ങി. വാലറ്റക്കാരന് നീല്‍ വാഗ്നര്‍ (25) ചെറുത്തുനിന്നതോടെയാണ് കോണ്‍വെയ്ക്ക് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കാനായത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി. 18 റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡിലുള്ളത്. ഡൊമിനിക് സിബ്ലി (0), സാക് ക്രൗളി (2) എന്നിവരാണ് പുറത്തായത്. ടിം സൗത്തി, കെയ്ല്‍ ജാമിസണ് എന്നിവര്‍ വിക്കറ്റ് വീഴ്ത്തി. റോറി ബേണ്‍സ് (15), ജോ റൂട്ട് (1) എന്നിവരാണ് ക്രീസില്‍.