കൊച്ചി: പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തലയ്ക്കും കുടുംബാംഗത്തിനും എതിരെ വധഭീഷണി മുഴക്കിയതും അധോലോക കുറ്റവാളി രവി പൂജാരി തന്നെയാണോ എന്ന സംശയം തുടരുന്നു. 2016 ഒക്ടോബർ 24നാണു തനിക്കും കുടുംബത്തിനും രവി പൂജാരിയെന്നു പരിചയപ്പെടുത്തിയ വ്യക്തിയുടെ വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു അന്ന് പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല പരാതി നൽകിയത്.
തൃശൂരിലെ വ്യാപാര സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എം.നിഷാമിനെതിരെ മോശമായി സംസാരിച്ചാൽ രമേശിനെയും കുടുംബാംഗത്തിനെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സാറ്റലൈറ്റ് ഫോൺ വഴിയാണു ‘ഡോൺ രവി പൂജാരി’യെന്നു പരിചയപ്പെടുത്തിയ വ്യക്തി ഭീഷണിപ്പെടുത്തിയത്. തുടർന്ന് ‘Don’t talk rubbish about Mohommed Nisham or I will kill you or one of your family member-Don Ravi Pujari’ എന്നൊരു സന്ദേശവും ചെന്നിത്തലയ്ക്കു ലഭിച്ചു.
ഭീഷണിപ്പെടുത്തിയതു രവി പൂജാരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ സംഭവം നടക്കുമ്പോൾ ജയിലിലായിരുന്ന നിഷാമിനു വേണ്ടി രവി പൂജാരി ഇറങ്ങിയതിന് കാരണമെന്തെന്ന് കൂടി അറിയേണ്ടിവരും. ബെംഗളൂരുവിലും ബിസിനസ് ബന്ധങ്ങളുള്ള വ്യവസായിയായ നിഷാമിനു രവി പൂജാരിയുമായി നേരിട്ട് അടുപ്പമുണ്ടോ എന്ന കാര്യവും അന്വേഷിക്കേണ്ടി വരും. നേരത്തെ ഇതേവിഷയം ഒരിക്കൽ പൊലീസ് അന്വേഷിച്ചിരുന്നു.
നിലവിൽ കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ രവി പൂജാരിയെ കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാകുമ്പോൾ രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്ന കേസിലും വ്യക്തമായ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
സെനഗലിൽ അറസ്റ്റിലായ രവി പൂജാരിയെ ബെംഗളൂരു പരപ്പന സെൻട്രൽ ജയിലിലാണു റിമാൻഡ് ചെയ്തിരുന്നത്. കേരളാ പൊലീസിനു വേണ്ടി ഡിജിപി ടോമിൻ ജെ.തച്ചങ്കരിയുടെ നേതൃത്വത്തിൽ ജയിലിനുള്ളിൽ രവി പൂജാരിയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതു സംബന്ധിച്ചു രവി പൂജാരി നൽകിയ മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല.