കൊച്ചി: ബ്യുട്ടിപാർലർ വെടിവെയ്പ്പ് കേസിൽ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ സംഘം ബംഗളുരുവിൽ നിന്നും കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷ അകമ്പടിയോടെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച പൂജാരിയെ എയര്‍ ഏഷ്യയുടെ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.
സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അദ്ദേഹത്തെ എടിഎസിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് വ്യാഴാഴ്ച വിശദമായി ചോദ്യം ചെയ്യും. ബുധനാഴ്ച വൈകിട്ടോടെയാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് പൂജാരിയെ വന്‍ സുരക്ഷാ സന്നാഹത്തോടെ ബംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്നാണ് രാത്രിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചത്. കേസില്‍ ഇയാളുടെ പങ്കാളിത്തം സംബന്ധിച്ച വിവരം ശേഖരിക്കുന്നതിനായാണ് രവി പൂജാരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
അടുത്ത ചൊവ്വാഴ്ച വരെയാണ് കേസിൽ പൂജാരിയെ കേരള പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറില്‍ 2018 ഡിസംബർ 15 ന് ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.