കൽപറ്റ: എൻഡിഎയുമായി സഹകരിക്കാൻ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണം നിഷേധിച്ച് സി കെ ജാനു. കേന്ദ്രമന്ത്രി അമിത് ഷാ ആയിട്ടുപോലും ബന്ധമുള്ള തനിക്ക് സുരേന്ദ്രനുമായി കാശിടപാട് നടത്താൻ ഇടപാടുകാരിയുടെ ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആരോപണം പാർട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിന് പിന്നിലുള്ള രണ്ടുപേർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുമായി സഹകരിക്കാൻ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതായി സി കെ. ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാർട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോടാണ് ആരോപണം ഉന്നയിച്ചത്.
ആദ്യം പത്ത് കോടിയാണ് ജാനു ആവശ്യപ്പെട്ടത്. ഇത് നിരാകരിച്ച സുരേന്ദ്രൻ തിരുരവനന്തപുരത്ത് വെച്ച് പിന്നീട് പത്ത് ലക്ഷം സി കെ ജാനുവിന് നൽകുകയായിരുന്നുവെന്നും പ്രസീത ആരോപിച്ചു. ഇതേ തുടർന്ന് സംസ്ഥാനത്ത് അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പരിപാടികളിലും പങ്കാളിയാകാമെന്ന് ജാനു സമ്മതിച്ചു. സി.കെ. ജാനുവിെൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചത് കുഴൽപ്പണമായിരുന്നുവെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചിരുന്നു.
പ്രസീതയും കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രന് സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ സുരേന്ദ്രന് വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.