കൊച്ചി: കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ വീണ്ടും വിമർശിച്ച് സംസ്ഥാനം ഹൈക്കോടതിയിൽ. ന്യായവിലയ്ക്ക് വാക്സിൻ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല. കേന്ദ്ര സർക്കാരിന്റെ നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സംസ്ഥാനം ഹൈക്കോടതിയിൽ ആരോപിച്ചു. അതേ സമയം വാക്സിൻ നയത്തെ സംബന്ധിച്ച് കോടതി ഇന്നും കേന്ദ്രത്തെ വിമർശിച്ചു. സർക്കാരിന് എന്ത് കൊണ്ടാണ് വാക്സിൻ കിട്ടാത്തതെന്ന് കോടതി ചോദിച്ചു. വാക്സിൻ ലഭ്യത സംബന്ധിച്ച് ഹർജിയിലാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
എത്രയും വേഗം സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വാക്സിൻ ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. കേന്ദ്രത്തിന്റെ വാക്സിൻ നയം കാരണം രാജ്യത്ത് വാക്സിന് വിവിധ വിലയാണ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വിലയ്ക്ക് വാക്സിൻ വാങ്ങാമോ എന്ന് കോടതി സംസ്ഥാനത്തോട് ചോദിച്ചു. എന്നാൽ അത് സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.