മലപ്പുറം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപെട്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ ഹരജി നൽകി. പാർട്ടി ജില്ലാ സെക്രട്ടറി ഗണേഷ് വടേരിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ജനസംഖ്യാനുപാതികമായി ആരോഗ്യ സംവിധാനങ്ങളും വാക്സിനും ലഭ്യമാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.ജില്ലയിൽ ഐസിയു ബെഡ്, വെന്റിലേറ്റർ മറ്റു സൗകര്യങ്ങൾ എന്നിവ ജനസംഖ്യയും രോഗികളുടെ എണ്ണവും പരിഗണിക്കുമ്പോൾ ഇതര ജില്ലകളിൽ നിന്നും ഏറെ കുറവാണ്. കോവിഡ് വാക്സിൻ വിതരണത്തിൽ വലിയ വിവേചനം സർക്കാർ കണക്കുകളിൽ നിന്നും തന്നെ വ്യക്തമാണ്. ആരോഗ്യ സംവിധാനങ്ങൾ ലഭിക്കേണ്ടത് മൗലികാവകാശമാണെന്നും ഹരജിയിൽ പറയുന്നു.ആരോഗ്യ സെക്രട്ടറി, ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കലക്ടർ എന്നിവരെ എതിർ കക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.