പുലര്‍ച്ചെ 3.30ന് മാപ്പു ചോദിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് വീട്ടിലെത്തിയ സംഭവം ഓര്‍ത്തെടുത്ത് താരത്തിന്റെ ബാല്യകാല പരിശീലകന് തരക് സിന്‍ഹ. ദക്ഷിണ ഡല്‍ഹിയില്‍ സോണറ്റ് ക്ലബ്ബിലെ നെറ്റ് സെഷനിടെ പരിശീലകന് തരക് സിന്‍ഹയ്ക്ക് ഋഷഭ് പന്തിനെ ശകാരിക്കേണ്ടിവന്നു. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ 3.30ന് തന്റെ വീടിന്റെ വാതിലില്‍ മുട്ടുകേട്ട് പുറത്തിയങ്ങിയ തരക് സിന്‍ഹ ആ കാഴ്ച കണ്ടു ഞെട്ടി. തന്നെ വിഷമിപ്പിച്ചതുകൊണ്ട് രാത്രി ഉറങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് ക്ഷമ ചോദിക്കാനെത്തിയ പന്തായിരുന്നു വീടിനു പുറത്ത്. ആ സമയം എന്റെ അവസ്ഥ പറഞ്ഞറിയിക്കാനാകില്ലെന്നും പുലര്‍ച്ചെ 3.30ന് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് പന്ത് എന്നെ കാണാനെത്തിയ സംഭവം മനസിനെ വല്ലാതെ ഉലച്ചുകളഞ്ഞുവെന്നും സിന്‍ഹ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാകാന്‍ കളിക്കാരനെന്ന നിലയില്‍ പന്ത് സ്വയം തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതാരമെന്ന നിലയില്‍ കുറച്ചുകൂടി പക്വതയാര്‍ജിച്ച ശേഷമേ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്നൊക്കെ പന്തിനെ പറയാനാകൂവെന്നും സിന്‍ഹ പറഞ്ഞു. ഋഷഭ് പന്തിനെ ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.