തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണയ്ക്കും.
ദ്വീപ് ജനയതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്കാരങ്ങൾ ഉടൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിൽ രൂക്ഷ വിമർശനമാണുള്ളത്. ദ്വീപ് ജനതയുടെ ജീവനും ഉപജീവനമാർഗവും സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് മണ്ഡലം എംഎൽഎയുമായ ഷാഫി പറമ്പിലാണ് നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന് ആദ്യം ആവശ്യമുന്നയിച്ചത്.
ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്ന് തുടക്കമാകും. ഭരണപക്ഷത്ത് നിന്ന് കെ.കെ ശൈലജയാകും ചർച്ച തുടങ്ങിവെക്കുക. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ അംഗം നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. നയപ്രഖ്യാപനത്തിൽ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്ത നിവാരണ മേഖലകളിൽ പുതിയ നയങ്ങളില്ലെന്ന് പ്രതിപക്ഷം എതിർപ്പറിയിച്ചിരുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നന്ദി പ്രമേയ ചർച്ച ബുധനാഴ്ച അവസാനിക്കും.