ന്യൂഡൽഹി: സംസ്ഥാനങ്ങൾ ഇപ്പോൾ വാക്സിൻ ക്ഷാമം നേരിടുകയാണ്. അതിനിടെ കൂടുതൽ ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. അടുത്ത മാസം 12 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനത്തിന് നൽകും. ഇതിൽ 6.09 കോടി വാക്സിൻ ഡോസുകൾ കേന്ദ്രം സൗജന്യമായി നൽകും.
അവശേഷിക്കുന്ന 5.86 കോടി ഡോസ് സംസ്ഥാനങ്ങൾ നേരിട്ട് സംഭരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നിലവിൽ വിവിധ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. കോവിഡ് അതിതീവ്രമാകുമ്പോഴും പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണ്.
നിയന്ത്രണങ്ങൾക്കിടെ വാക്സിനേഷൻ വേഗത്തിലാക്കിയാൽ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കു. അതിനാൽ കൂടുതൽ വാക്സിനുകൾ അനുവദിക്കണമെന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
വാക്സിൻ വിതരണം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു. കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രം പരിഗണിക്കുകയാണ്. ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ രാജ്യത്ത് പൂർത്തിയാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.