തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്. മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ക് ഡൗൺ ചട്ടങ്ങളായിരിക്കും. സംസ്ഥാനത്ത് ലോക്ക് ഡൗൺ ചില ഇളവുകളോടെ ജൂൺ 9 വരെയാണ് നീട്ടിയത്.
കാശുവണ്ടി, കയർ,പേപ്പർ നിർമാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും നിർമാണ യൂണിറ്റുകൾക്കും ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങൾക്കും ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില്പന ശാലയ്ക്ക് ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരെ വച്ച് അഞ്ചു മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.
വ്യവസായ കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ കെഎസ്ആർടിസിക്ക് സർവീസ് നടത്താം. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ അഞ്ചു മണി വരെ പ്രവർത്തിക്കാം. വസ്ത്രശാലകൾ,ചെരുപ്പ് കടകൾ,ആഭരണശാലകൾ എന്നവിയക്ക് തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് 9 മുതൽ 5 വരെ തുറന്ന് പ്രവർത്തിക്കാം.