കവരത്തി: ലക്ഷദ്വീപില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നാളെ മുതല്‍ എഡിഎമ്മിന്റെ അനുമതി ഉള്ളവര്‍ക്ക് മാത്രമാണ് ദ്വീപിലേക്ക് സന്ദര്‍ശനാനുമതി. കോവിഡ് വ്യാപനം രൂക്ഷമായിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, നിലവില്‍ സന്ദര്‍ശനത്തിനെത്തി ദ്വീപിലുള്ളവര്‍ക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി ഉണ്ടായിരിക്കണം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തെത്തി. പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കത്തയച്ചു. പുതിയ തീരുമാനങ്ങള്‍ ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ഉമേഷ് സൈഗാള്‍ അഭിപ്രായപ്പെട്ടു. ഗുണ്ട ആക്ടും അംഗനവാടികള്‍ അടച്ചു പൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചതും തെറ്റായ നടപടികളാണ്. അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും ഉമേഷ് സൈഗാള്‍ കത്തില്‍ പറയുന്നു.
അതേസമയം, ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നയങ്ങള്‍ക്ക് എതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോഴും കൂസല്‍ ഇല്ലാതെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍.കെ.പട്ടേല്‍.തനിക്ക് ഗൂഢ ഉദ്ദേശങ്ങള്‍ ഒന്നുമില്ല. വികസനത്തിന് വേഗം കൂട്ടുന്ന തീരുമാനങ്ങളാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ മാലിദ്വീപിനെ പോലെ ലക്ഷദ്വീപിലെ മാറ്റാനാണ് ശ്രമിക്കുന്നത്.
ലക്ഷദ്വീപ് ഡെവലെപ്മെന്റ് അതോറിട്ടി റെഗുലേഷന് എന്ന കരട് ദ്വീപിന്റെ വികസനത്തില്‍ ഏറെ മുന്നേറ്റമുണ്ടാക്കും. സാദ്ധ്യതകള്‍ ഉണ്ടായിരുന്നു,എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ ദ്വീപ് ഇപ്പോഴും പിന്നിലാണ്. ഇത് മെച്ചപ്പെടുത്താനാണ് ശ്രമം. ഇതില്‍ തനിക്ക് ലാഭം എന്താണെന്നും അദ്ദേഹം ചോദിച്ചു.തന്റെ ചുമതല അവസാനിക്കുന്നത് വരെ മാത്രമേ താന്‍ ഉണ്ടാകു. കാലാകാലം തനിക്ക് ഇവിടെ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.