യുഎഇയില്‍ കടലില്‍ കുളിക്കാൻ ഇറങ്ങിയ മലയാളി യുവതി മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ മഹ്റൂഫ് (32) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനിലെ അല്‍ ബൈത്ത് മുതവഹിദ് ബീച്ചില്‍ ഇന്നലെയാണ് സംഭവം നടന്നത്. യുവതിയോടൊപ്പം മുങ്ങിയ നാലു വയസ്സുകാരി മകളെ രക്ഷപ്പെടുത്തി.
അജ്മാനില്‍ താമസിച്ചിരുന്ന റഫ്സയും ഭര്‍ത്താവും നാലു വയസ്സുള്ള മകളും എട്ടു വയസ്സുള്ള മകനും അടങ്ങുന്ന കുടുംബം രാവിലെ ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ എത്തിയതായിരുന്നു. ഒന്‍പത് മണി വരെ ബീച്ചില്‍ ഇരുന്ന ശേഷം ഭര്‍ത്താവും മകനും കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇരുവരും ബീച്ചില്‍ നിന്ന് അല്പം അകലെയായിരുന്ന സമയത്ത് യുവതിയും മകളും വെള്ളത്തിലിറങ്ങിയെങ്കിലും മുങ്ങിപ്പോവുകയായിരുന്നുവെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ സാലിം അല്‍ ശംസി പറഞ്ഞു