നിയമ ലംഘനം നടത്തിയതിന്റെ പേരില്‍ ഇന്ത്യയിലെ എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ . ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 6 (2), 8 വകുപ്പുകള്‍ എച്ച്ഡിഎഫ്സി ബാങ്ക് ലംഘിച്ചതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. ഈ സംഭവത്തിന്റെ പേരില്‍ ബാങ്കിന്റെ ഇടപാടുകളോ കരാറുകളോ ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 47A (1) (c), വകുപ്പ് 46 (4) (i) എന്നിവ പ്രാകരമുള്ള അധികാരം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിന് 10 കോടി രൂപ പിഴ വിധിച്ചത്.ബാങ്കിന്റെ വാഹന വായ്പാ പോര്‍ട്ട്ഫോളിയോയിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് അപാകതകള്‍ റിസര്‍വ് ബാങ്ക് കണ്ടെത്തിയത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം സാധനങ്ങള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ബാങ്കുകള്‍ക്ക് അനുവാദമില്ല.