തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ നൽകുന്നതിന് കൂടുതൽ വിഭാഗങ്ങൾക്ക് പരിഗണന നൽകാൻ തീരുമാനം. വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സിൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം. സംസ്ഥാനം വില കൊടുത്ത് വാങ്ങിയ വാക്സിൻ ഇവർക്ക് നൽകും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.
വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഷീൽഡ് നല്‍കാനും, വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ പാസ്പോര്‍ട്ട് നമ്പർ രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് പോകേണ്ടവര്‍ക്ക് വാക്സിൻ എടുക്കേണ്ട ഇടവേളയിലും ഇളവ് നൽകിയിട്ടുണ്ട്.
12 ആഴ്ച കഴിഞ്ഞ രണ്ടാം ഡോസ് എന്നതിൽ നിന്ന് 4 മുതൽ 6 ആഴ്ച കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് നല്‍കാനാണ് തീരുമാനം. ഇളവ് ലഭിക്കാനായി വിസ, അഡ്മിഷൻ – തൊഴിൽ രേഖകൾ ഹാജരാക്കണം. വിദേശത്ത് പോകേണ്ടവർക്ക് വാക്സീൻ സർട്ടിഫിക്കറ്റ് ജില്ലാ മെഡിക്കൽ ഓഫീസർമാർ നൽകും.
പല വിദേശ രാജ്യങ്ങളിലും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക.
സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന് മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു.