ഗൾഫ് രാജ്യങ്ങളിലെ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള സമയ ക്രമം പ്രഖ്യാപിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ചൂട് ശക്തമാകുന്ന രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 3.30 വരെയുള്ള സമയത്ത് തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്ന് മന്ത്രാലയം അറിയിച്ചു. സൂര്യതാപം അടക്കമുള്ള പ്രശ്നങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിത്.
ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് പുതിയ സമയക്രമം പാലിക്കേണ്ടത്. ഇതു പാലിക്കാതെ 10നും 3.30നും ഇടയില്‍ തുറന്ന സ്ഥലത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ അത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരേ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഈ സാഹചര്യത്തില്‍ തൊഴിലെടുക്കുന്നതിന് നിരോധനമുള്ള സമയം ഒഴിവാക്കി അതിരാവിലെയും വൈകിട്ട് 3.30ന് ശേഷവുമായി പ്രതിദിന തൊഴില്‍ സമയം ക്രമീകരിക്കണം. പുതുക്കിയ സമയക്രമം എല്ലാ തൊഴിലാളികള്‍ക്കും പരിശോധിക്കാന്‍ എത്തുന്ന ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന രീതിയില്‍ ജോലി സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചു.