ന്യൂഡൽഹി: ആദ്യ ഡോസ് സ്വീകരിച്ച വാക്സിനിൽ നിന്നും രണ്ടാം ഡോസ് മാറിയാൽ കുഴപ്പമില്ലെന്ന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശിയ കോവിഡ് വാക്സിനേഷൻ വിദഗ്ദ്ധ സമിതി അധ്യക്ഷൻ ഡോ.വി.കെ പോളാണ് ഈ കാര്യം അറിയിച്ചത്.
വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഇങ്ങനെ വാക്സിൻ നൽകുന്ന കാര്യം പരിഗണനയിലാണ്.രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന വാക്സിൻ ആദ്യ ഡോസിൽ നിന്നും വ്യത്യസ്തമായാലും പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിലാണ് സമാനമായ സംഭവം ഉണ്ടായത്. 20 ഗ്രാമീണർക്ക് കോവിഷീൽഡിന്റെ ആദ്യ ഡോസ് നൽകിയ ശേഷം കോവാക്സിൻ നൽകി. ആശുപത്രി അധികൃതർക്ക് പറ്റിയ തെറ്റാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. എന്നാൽ ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.