കൊച്ചി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിടെ നടപടികളെ ന്യായീകരിച്ച് ജില്ലാ കളക്ടര്‍. ഭരണപരിഷ്കാരങ്ങള്‍ നിവാസികളുടെ ഭാവി സുരക്ഷതമാക്കാനാണെന്നും ലക്ഷദ്വീപിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ എസ് അസ്കര്‍ അലി പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
73 വര്‍ഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപില്‍ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പുതിയ നടപടിക്രമങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും കളക്ടര്‍ വ്യക്തമാക്കി. നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താല്‍പ്പര്യക്കാരുടേതാണെന്നും അവര്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും കളക്ടര്‍ ആരോപിച്ചു. ദ്വീപില്‍ നിയമ വിരുദ്ധമായ ബിസിനസുകള്‍ നടത്തുന്നവരും പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മദ്യവില്പന ലൈസന്‍സ് വിനോദസഞ്ചാര മേഖലയ്ക്കുവേണ്ടി മാത്രമാണ്. സ്കൂളുകളില്‍ മാസം ഒഴിവാക്കിയത്. ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ദ്വീപില്‍ മയക്കുമരുന്നും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. ഇത് തടയാനാണ് ഗുണ്ടാനിയമം കൊണ്ടുവന്നത്. കൊവിഡ് വാക്സിനേഷന് നടപടികള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. മുന്‍നിര പോരാളികള്‍ക്ക് വാക്സിന് നല്‍കിക്കഴിഞ്ഞു. ആറ് ദ്വീപുകളിലും വാക്സിനേഷന് ഉടന്‍ പൂര്‍ത്തിയാക്കും എന്നും കളക്ടര്‍ പറഞ്ഞു.
ദ്വീപില്‍ നടക്കുന്നത് വികസനപ്രവര്‍ത്തനങ്ങളാണ്. ദ്വീപില്‍ മികച്ച ഇന്റര്‍നെറ്റും മികച്ച ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കും. പുതിയ ആശുപത്രികള്‍ സ്ഥാപിക്കും. സ്ത്രീകള്‍ക്ക് വേണ്ടി സ്വാശ്രയ സംഘം ആരംഭിച്ചു. ഒഴിപ്പിച്ചത് അനധികൃത കയ്യേറ്റങ്ങളാണ്. ദ്വീപില്‍ ഓക്സ്ജന്‍ പ്ലാന്റും മാതൃകാ മത്സ്യഗ്രാമവും സ്ഥാപിക്കും. എതിര്‍പ്പുയര്‍ത്തുന്നത് സ്ഥാപിത താത്പര്യക്കാരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊച്ചിയില്‍ ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ പ്രതിഷേധം നടന്നു. ഇടത് യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എഐവൈഎഫ്, ഡിവൈഎഫ്ഐ സംഘടനകളാണ് പ്രതിഷേധിച്ചത്. ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ കളക്ടറുടെ കാറിനു മുന്നില്‍ ചാടിവീണ് കരിങ്കൊടി കാണിച്ചു.