കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചതാണെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. പീഡനം നടന്ന മുറിയിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ച രക്തക്കറ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു. പരിശോധനക്ക് ശേഷം അന്വേഷണ സംഘത്തിന് ലഭിച്ച റിപ്പോർട്ടിൽ പീഡനം നടന്നുവെന്ന് തെളിയിക്കുന്നന്നതാണ്.
ബിജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ പ്രകാരം പാനൂർ പൊലീസ് ചാർജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കി. ഇത് വിവാദമായതിന് പിന്നാലെയാണ് രണ്ടു വനിത ഐ.പി.എസ് ഓഫിസർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.
ഇവരുൾപ്പെട്ട സംഘം ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട്, ഇര കള്ളം പറയുകയാണ് എന്നായിരുന്നു. പൊലീസ് കേസ് തേച്ചുമായ്ച്ച് കളയാൻ ശ്രമിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. കേസിെൻറ മേൽനോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ.ജി ശ്രീജിത്തിനെ മാറ്റി ഹൈകോടതി ഇടപ്പെട്ട് മാറ്റിയിരുന്നു.