തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പുർണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിനംപ്രതി രോഗമുക്തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലായത് ആശ്വാസകരമാണ്. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തിൽ കാണുന്ന കുറവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്രതയിൽ വീഴ്ച വരുത്താൻ പറ്റാത്ത സാഹചര്യം തുടരുകയാണ്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക് കുറച്ചുനാളുകൾ കൂടി നീണ്ടുനിൽക്കും. അതിനാൽ ആശുപത്രികളിൽ കൂടുതൽ തിരക്കുണ്ടാകാതിരിക്കണം. മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ട പ്രധാന മുൻകരുതലാണിതെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിന് സ്വീകരിച്ചു എന്നുകരുതി അശ്രദ്ധമായി ആരും പെരുമാറരുത്. നിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങരുത്. ഇത് സംബന്ധിച്ച് മികച്ച കമ്ബനികളുടെ പട്ടിക പുറത്തിറക്കും. വാക്സിന് മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, സര്‍ക്കാര്‍ പ്രസ്. ടെസ്റ്റബുക്ക് അച്ചടി, പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.