കവരത്തി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിടെ വീണ്ടും വിവാദ ഉത്തരവുമായി ദ്വീപ് അഡ്മിനിസ്ട്രേഷന്. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. ഇതിന് അനുബന്ധമായ രേഖകളും ഹാജരാക്കണം. അഡ്മിനിസ്ട്രേഷന് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അതേസമയം, നേരത്തെ ഹെലികോപ്റ്ററില്‍ രോഗികളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡോക്ടറുടെയും മെഡിക്കല്‍ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നുള്ളു.
അതിനിടെ, ലക്ഷദ്വീപ് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനായി സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനമായി. വ്യാഴാഴ്ചയാണ് സര്‍വകക്ഷി യോഗം ചേരുക. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് യോഗം നടക്കുക. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. തുടര്‍ പ്രതിഷേധ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രാഷ്ട്രീയ നേതാക്കള്‍ അറിയിച്ചു.