പാലക്കാട്: കൊടകര കുഴൽപ്പണ കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ ആറാം പ്രതിയായ മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിൽ മെറ്റലിന് ഉള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി.
കവർച്ചയ്ക്ക് ശേഷം മൂന്ന് ലക്ഷം രൂപയ്ക്ക് ഇന്നോവ കാറും മൂന്നര ലക്ഷത്തിന് സ്വർണവും വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചതായും തെളിവുണ്ട്. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് മൂന്നര കോടി രൂപയും കാറും കൊടകരയിൽ ഗുണ്ടാസംഘം കവർച്ച ചെയ്തത്.
എന്നാൽ 25 ലക്ഷം രൂപ മാത്രമേ നഷ്ടപ്പെട്ടുള്ളുവെന്ന് പരാതിയാണ് നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുക ഉണ്ടെന്ന് കണ്ടെത്തി. നഷ്ടപെട്ട മൂന്നര കോടിയിൽ ഒരു കോടി മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളു. ബാക്കിയുള്ള തുക കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണ്.