കൊച്ചി: ലക്ഷദ്വീപിൽ ദ്വീപ് നിവാസികൾക്കെതിരെ അതിക്രമങ്ങൾ തുടരുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭീമഹരജി നൽകാൻ ദ്വീപ് നിവാസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായുള്ള ഒപ്പുശേഖരണം ദ്വീപിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എൻ.എസ്.യു.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ കാമ്പയിനാണ് ദ്വീപിൽ നടക്കുന്നത്.
ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റർക്കെതിരെ എൻ.എസ്.യു.ഐ രാഷ്ട്രപതിക്ക് കൂട്ട ഇമെയിൽ അയക്കുകയും ചെയ്തു. ഇവരെ കൂടാതെ, ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ അടക്കമുള്ള വിദ്യാർഥി സംഘടനകളും പ്രതിഷേധ പരിപാടികളിൽ സജീവമാണ്.
ദ്വീപ് നിവാസികളുടെ ആശങ്കയും പ്രതിഷേധവും കേന്ദ്ര സർക്കാറിനെ അറിയിക്കാൻ എം.പി. മുഹമ്മദ് ഫൈസൽ ഇന്ന് ഡൽഹിക്ക് പോകും. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായി എം.പി. കൂടിക്കാഴ്ച നടത്തും.