കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ വ്യക്തിപരമായ മൊബൈൽ നമ്പറിലേക്ക് സന്ദേശം അയച്ച നാല് ദ്വീപ് നിവാസികളെ കസ്റ്റഡിയിൽ എടുത്ത് ലക്ഷദ്വീപ് പോലീസ്. സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് നേരിട്ടാണ് രഹസ്യമായി അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ രാത്രി അഗത്തി ദ്വീപിൽ നിന്നും മൂന്ന് പേരെയും ബിത്ര ദ്വീപിൽ നിന്നും ഒരാളെയും കസ്റ്റഡിയിൽ എടുത്തു. അഗത്തിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരും പ്രായപൂ൪ത്തിയാവാത്തവരാണ്. ബിത്രയിൽ നിന്നുള്ള ആൾ വിദ്യുത്ച്ഛക്തി വകുപ്പ് ജീവനക്കാരനാണ്.
സാമൂഹിക മാധ്യമങ്ങളിൽ അഡ്മിനിസ്ട്രേറ്റ൪ക്ക് സന്ദേശം അയച്ച മുഴുവൻപേ൪ക്കെതിരെയും നടപടി എടുക്കാനുള്ള തീരുമാനം പോലീസ് ഉപേക്ഷിച്ചു. സൈബ൪ സംവിധാനങ്ങളുടെ കുറവും കേരളത്തിൽ നിന്നുള്ളവരുടെ ബാഹുല്യവും കണക്കിലെടുത്താണിത്. തുട൪ന്ന് അഡ്മിനിസ്ട്രേറ്ററുടെ മൊബൈൽലിലേക്ക് സന്ദേശം അയച്ചവരെ മാത്രം കസ്റ്റഡിയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് വാ൪ത്ത ആയതോടെ കസ്റ്റഡിയിലായവ൪ക്കെതിരെ എഫ് ഐ ആ൪ റജിസ്റ്റ൪ ചെയ്തില്ല. താക്കീത് ചെയ്ത് വെറുതെ വിട്ടു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് സീനീയ൪ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ശരത് സിൻഹ പ്രതികരിച്ചു.