തിരുവനന്തപുരം: അന്തരിച്ച വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസിന് നഗരസഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നഗരസഭയുടെ പ്രത്യേക യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ വെട്ടുകാട് വാര്‍ഡിലെ പ്രശ്നങ്ങളില്‍ ഇടപെടുകയും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനും തന്റെ ആരോഗ്യ സ്ഥിതിപോലും നോക്കാതെയാണ് സാബു പ്രവര്‍ത്തിച്ചത്.
സാമൂഹ്യ സേവനത്തില്‍ മാത്രമല്ല കലാരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നാടക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. നാടകകുലപതിമാരില് ഒരാളായ സി.എല്‍.ജോസിന്റേത് ഉള്‍പ്പെടെ നിരവധി അമച്വര്‍ – പ്രൊഫഷണല്‍ നാടകങ്ങളുടെ ഭാഗമായിരുന്ന അദ്ദേഹം തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി, കൊച്ചുവേളി പാരിഷ് സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ്സ് ക്ലബ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ചിരുന്നു. ബഹുമുഖ പ്രതിഭയും പൊതുസമ്മതനുമായ ഒരു അംഗത്തെയാണ് നഗരസഭയ്ക്ക് നഷ്ടമായതെന്ന് മേയര്‍ അനുശോചന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാര്, വിവിധ കക്ഷി നേതാക്കള്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.