ടെസ്റ്റ് ക്രിക്കറ്റിന് ടീം ഇന്ത്യ ജീവന് തിരിച്ചു നല്‍കിയെന്ന് ഇതിഹാസ ന്യൂസിലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്ലി. ഇന്ത്യയെ കൂടാതെ ലോക ക്രിക്കറ്റിനെ സങ്കല്പിക്കുക അസാധ്യമെന്നും മുന്‍താരം പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്രിക്കറ്റില്‍ നിന്ന് ടീം ഇന്ത്യ ഏറെ വരുമാനമുണ്ടാക്കുന്നു എന്നതില്‍ സംശയമില്ല. ഇന്ത്യയില്ലാത്ത ലോക ക്രിക്കറ്റിനെ സങ്കല്പിക്കുക വളരെ പ്രയാസമാണ്. കാരണം, ക്രിക്കറ്റിന് ഇന്ത്യയെ ആവശ്യമാണ്. എല്ലാ ഫോര്‍മാറ്റുകളിലേയും പോലെ ടെസ്റ്റ് ക്രിക്കറ്റിലും വിസ്മയകരമായ സംഭാവനകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്.36 റണ്‍സിന് പുറത്തായത് ഒഴിച്ചുനിര്‍ത്തിയാല്‍ ഓസ്ട്രേലിയയിലെ പ്രകടനം അവിസ്മരണീയമാണ്. ഇന്ത്യ ശക്തമായി തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് ജീവന് വീണ്ടെടുത്തു.
ഏറെ യുവതാരങ്ങള്‍ ടീമിന്റെ ഭാഗമാവുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു. എല്ലാ ഫോര്‍മാറ്റിലും താരനിബിഢമായ ഇന്ത്യന്‍ ടീമിനെ ഇത് കാട്ടുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏതെങ്കിലും ഒരു ടീമിന് കൂടുതല്‍ മുന്‍തൂക്കമുണ്ട് എന്ന് തോന്നുന്നില്ല. നിഷ്പക്ഷ വേദിയിലാണ് മത്സരങ്ങള്‍, ഹോം മുന്‍തൂക്കമില്ല.
ഏത് ടീം മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തി, വേഗത്തില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. കാലാവസ്ഥയും നിര്‍ണായകമാകും.
തണുപ്പാണെങ്കില്‍ ന്യൂസിലന്‍ഡിന് അനുകൂലമാകും. ഡ്യൂക്ക് ബോള്‍ ഇരു ടീമിലേയും പേസര്‍മാര്‍ക്ക് അനുയോജ്യമാണ്. പ്രത്യേകിച്ച് സ്വിങ് ബൗളര്‍മാര്‍ക്ക്. സൗത്തിയും ബോള്‍ട്ടും ജാമീസണുമുള്ള കിവികള്‍ അക്കാര്യത്തില്‍ കേമന്മാരാണ്.
പന്ത് പിച്ചില്‍ കറങ്ങിനടന്നാല്‍ ഇരു ടീമിലേയും ബാറ്റ്സ്മാന്മാര്ക്ക് വെല്ലുവിളിയാവും. മത്സരത്തിലെ വിജയിയെ ഇപ്പോള്‍ പ്രവചിക്കുക അസാധ്യമാണ്’ എന്നും റിച്ചാര്‍ഡ് ഹാഡ്ലി പറഞ്ഞു.