തിരുവനന്തപുരം: രാജ്യത്ത് കോവിഡ് മഹാമാരി നാശം വിതക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷം പിന്നിട്ട് കഴിഞ്ഞു. മഹാമാരിയുടെ തുടക്കം മുതൽ തന്നെ കൂടുതൽ വ്യാപനം ഉണ്ടാകാതെ പിടിച്ച് നിർത്താൻ കഴിഞ്ഞതിന് പിന്നിലെ പോലീസിന്റെ പങ്ക് ഏറെ വലുതാണ്. തുടക്കം മുതൽ ഇപ്പോൾ വരെ അക്ഷീണം പ്രവർത്തിക്കുകയാണ് പോലീസ്. നിലവിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വിശ്രമവും അവധിയുമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് എഡിജിപി മനോജ് എബ്രഹാം.
തിരുവനന്തപുരം നഗരത്തിൽ വിശ്രമമില്ലാതെ ജോലി എടുക്കുന്ന പോലീസുകാർക്ക് പാനീയങ്ങളും ലഘുഭക്ഷണവും എത്തിക്കുകയാണ് എഡിജിപി മനോജ് എബ്രഹാം. ഇതോടൊപ്പം പോലീസുകാർക്ക് സാനിറ്റൈസറും നൽകുന്നുണ്ട്. രാവിലെയും വൈകീട്ടുമായി രണ്ട് നേരം പോലീസുകാർക്ക് ഇവ എത്തിച്ച് നൽകുന്നുണ്ട്.
ലോക്ക് ഡൗൺ തീരുന്നത് വരെ മനോജ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഈ സേവനം തുടരും. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തും സമാന രീതിയിലുള്ള പ്രവർത്തനം അദ്ദേഹം നടത്തിയിരുന്നു.