ക്വാലാലംപൂര്‍: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ തിങ്കളാഴ്ച രണ്ട് മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം യാത്രക്കാർക്ക് പരിക്കേറ്റു.
നാൽപത്തിയേഴ് പേർക്ക് ഗുരുതര പരിക്കേറ്റതായും 166 പേർക്ക് നിസാര പരിക്കേറ്റതായും പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് സൈനാൽ അബ്ദുല്ല പറഞ്ഞു.
കൊലാലംപൂരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിനരികെയുള്ള ഭൂഗർഭ ടണലിലാണ് സംഭവം. രാത്രി 8.45ഓടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിച്ച ട്രെയിനുകളിലൊന്ന് കാലിയായിരുന്നു. ഈ ട്രെയിൻ 213 യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൺട്രോൾ സെൻ്ററിൽ നിന്നുണ്ടായ ആശയവിനിമയത്തിലെ തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം ഗുരുതരമാണെന്ന് പ്രധാനമന്ത്രി മുഹ്യിദ്ദീൻ യാസിൻ ഫേസ്ബുക്കിൽ കുറിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടത്താൻ ഗതാഗത മന്ത്രിക്കും (ട്രെയിൻ) ഓപ്പറേറ്ററിനും നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.