മുംബൈ ബാർജ് അപകടം; ഒരു മലയാളി കൂടി മരിച്ചു

മുംബൈ: മുംബൈ ഹൈ ബാര്‍ജ് അപകടത്തിൽ ഒരു മലയാളിയുടെ മരണം കൂടി സ്ഥിരീകരിച്ചു. അടൂർ സ്വദേശി വിവേക് സുരേന്ദ്രൻ ആണ് മരിച്ചത്. വിവേകിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതോടെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. 

പാലക്കാട് തോലന്നൂർ സ്വദേശി സുരേഷ്, കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ് ജോസഫ് എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ ലഭിച്ചത്. തൃശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുൻ, ശക്തികുളങ്ങര സ്വദേശി എഡ്വിൻ, വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ്, വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊൻകുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകൻ സസിൻ ഇസ്മയിൽ (29) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മലയാളികൾ.

നാവികസേന തിരച്ചിൽ തുടരുകയാണ്. ബാർജ് കടലിന്‍റെ അടിത്തട്ടിൽ നാവികസേന കണ്ടെത്തി. അപകടത്തിൽ പെട്ട മുഴുവൻ പേരെയും കണ്ടെത്തിക്കഴിഞ്ഞതായി നാവികസേനാ വക്താവ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് ഓയിൽ റിഗ്ഗിൽ ഇടിച്ചു മുങ്ങിയത്. P 305 ബാർജിലെ 261പേരും, വരപ്രദ ടഗ് ബോട്ടിലെ 13 പേരുമാണ് അപകടത്തിൽ പെട്ടത്.

188 പേരെ കടലിൽ നിന്നും രക്ഷിച്ചു. 70 മൃതദേഹങ്ങൾ കടലിൽ നിന്നും കണ്ടെത്തി. 8 മൃതദേഹങ്ങൾ ഗുജറാത്തിലെ വത്സാദ് തീരത്തും നിന്നും 8 മൃതദേഹങ്ങൾ മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്തും കണ്ടെത്തിയതായി നാവികസേനാ വക്താവ് അറിയിച്ചു.