ന്യൂഡല്‍ഹി: ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യയുടെ ഡല്‍ഹിയിലെ ഓഫീസുകളിൽ ഡല്‍ഹി പൊലീസ് റെയ്ഡ്. ഗുഡ്ഗാവിലേയും ലാഡോ സരായിലേയും ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. സാംബിത്രയുടെ ട്വീറ്റിന് ട്വിറ്റര്‍ നല്കിയ ടാഗാണ് റെയ്ഡിലേക്ക് നയിച്ചത്.
കോണ്‍ഗ്രസ് ടൂള്‍കിറ്റ് എന്ന പേരില്‍ ബി.ജെ.പി വക്താവ് സാംബിത് പാത്ര പ്രചരിപ്പിച്ച കത്തിന് ട്വിറ്റര്‍ മാനിപുലേറ്റഡ് ടാഗ് നല്‍കിയിരുന്നു. മെയ് 18നാണ് ഇതുമായി ബന്ധപ്പെട്ട സ്ക്രീന്‍ഷോട്ടുകള്‍ സാംബിത് പാത്ര ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണെന്നും ഇതില്‍ ട്വിറ്റര്‍ ഇടപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ചുള്ള ബിജെപി വക്താവ് സംബിത് പാത്രയുടെ ട്വീറ്റാണ് വ്യാജരേഖയാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയത്. കോൺഗ്രസിന്റെ ലെറ്റർഹെഡിലുള്ള ഒരു പ്രസ്താവനയുടെ ചിത്രമായിരുന്നു സംബിത് പാത്ര ട്വിറ്ററിൽ പങ്കുവച്ചത്.
പോലീസിനറിയാത്ത വിവരങ്ങള്‍ ട്വിറ്ററിന് അറിയാം. ഏത് അടിസ്ഥാനത്തിലാണ് സാബിത് പാത്ര പങ്കുവെച്ച ചിത്രം തെറ്റാണെന്ന് അടയാളപ്പെടുത്തിയതെന്ന് വിശദമാക്കണമെന്നും അത് ടൂള്‍ കിറ്റ് കേസ് അന്വേഷണത്തെ സഹായിക്കുമെന്നുമാണ് പോലീസ് പറയുന്നത്.