തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സിനിമാ മേഖലയില്‍ നിന്നും ഒട്ടേറെ പേര് ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇപോഴിതാ വിഷയത്തില്‍ പ്രതികരിച്ച് മലയാള സിനിമ താരവും ദേശീയ അവാര്‍ഡ് ജേതാവുമായ സലിം കുമാര്‍.
ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നു സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അവരെ ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുകയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSalimKumarOfficialPage%2Fposts%2F324996152326609&show_text=true&width=500
അധികാരമേറ്റ് അഞ്ച് മാസം പിന്നിടുമ്പോൾ വ്യാപക പ്രതിഷേധമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ ഉയരുന്നത്. ഡിസംബറിൽ ദ്വീപുകളുടെ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റത്തിന് പിന്നാലെ പ്രഫുൽ പട്ടേൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളാണ് സ്വസ്ഥതയും സമാധാനവും നിലനിന്നിരുന്ന ലക്ഷദ്വീപിൽ വൻ പ്രക്ഷോഭത്തിന് വഴിതുറന്നത്.
ഒരു വർഷത്തോളം കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതിന് പിന്നാലെ യാത്രക്കാർക്കുള്ള ക്വാറൻ്റൈനും കൊവിഡ് നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. ഇതോടെ കൊവിഡ് വൈറസിൻ്റെ അതിതീവ്രവ്യാപനമാണ് ലക്ഷദ്വീപിലുണ്ടായത്.
തീരസംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ച്നീക്കിയ ലക്ഷദ്വീപ് ഭരണകൂടം സർക്കാർ ഓഫീസുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത, രാത്രി പോലും വാതിൽ തുറന്നിട്ട് ആളുകളുറങ്ങുന്ന ദ്വീപിൽ ഗുണ്ട ആക്ടും പുതിയ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കി.
അംഗനവാടികൾ അടച്ചുപൂട്ടിയ അഡ്മിനിസ്ട്രേറ്റർ മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിൽ മദ്യശാലകൾ തുറന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഗോമാംസനിരോധനം ലക്ഷദ്വീപിൽ നടപ്പാക്കാനും ശ്രമമുള്ളതായി ആരോപണമുണ്ട്.