തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനവും രൂക്ഷമായിരിക്കെ ഇപോഴിതാ യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഫംഗസ് ബാധിച്ച രോഗി ആശുപത്രിയില്‍ ചികിത്സയിലാണ്.
യുപിയിലെ 45 കാരനായ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഈ രോഗിയില്‍ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ബാധയും സ്ഥിരീകരിച്ചിരുന്നു. ബ്ലാക്ക്-വൈറ്റ് ഫംഗസുകളെക്കാള്‍ അപകടകാരിയാണ് യെല്ലോ ഫംഗസ് എന്നാണ് വിലയിരുത്തല്‍.
യെല്ലോ ഫംഗസ് സാധാരണയായി ഉരഗങ്ങളിലാണ് കാണപ്പെടുന്നത്. ആദ്യമായാണ് രാജ്യത്ത് മനുഷ്യരില്‍ യെല്ലോ ഫംഗസ് ബാധിച്ചതായി അറിയുന്നതെന്ന് രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ബി.പി. ത്യാഗി ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രോഗപ്രതിരോധ ശേഷി കുറവുള്ളവരും പ്രമേഹം, അര്‍ബുദം മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വിശപ്പില്ലായ്മ, ഭാരം കുറയല്‍, അലസത എന്നിവയാണ് ലക്ഷണങ്ങള്‍. മുറിവ് സുഖപ്പെടാന്‍ സമയമെടുക്കുക, പഴുപ്പ്, വൃണം അതീവ ഗുരുതരമാകുക, അവയവങ്ങള്‍ തകരാറിലാകല്‍, നെക്രോസിസ് മൂലം കണ്ണുകള്‍ തകരാറിലാകുക എന്നി ലക്ഷണങ്ങള്‍ ഇതിന്റെ ഗുരുതരാവസ്ഥയാണ്.
ആന്റി-ഫംഗല്‍ കുത്തിവയ്പ്പ് ആംഫോടെറാസിന് ബി ഈ ഫംഗല്‍ ബാധയ്ക്കെതിരെയും ഫലപ്രദമാണെന്ന് കരുതുന്നതായി ഡോ. ത്യാഗി പറഞ്ഞു. ശുചിത്വക്കുറവോ ശുദ്ധമല്ലാത്ത ഭക്ഷണോ കഴിക്കുന്നതോ യെല്ലോ ഫംഗസ് ബാധയ്ക്ക് കാരണമാകാമെന്നാണ് നിഗമനം. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ആന്റി ഫംഗല്‍ മരുന്നുകളുടെ കൂടിയ ഉപയോഗവും കോവിഡ് രോഗികളില്‍ പെട്ടെന്നുളള ഇത്തരം രോഗങ്ങളുടെ കുതിച്ചു ചാട്ടത്തിന് കാരണമാകാമെന്നും ത്യാഗി അഭിപ്രായപ്പെട്ടു.