ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്കു പുറമേ ആസ്ട്രഗലസ് എന്ന പുതിയ തരം ഫംഗസ് ബാധയും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് എണ്ണായിരത്തിലധികം പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്.
അതേസമയം,രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു തരം പൂപ്പലുകള്‍ മൂലമാണ് രോഗം ബാധിക്കുന്നത്. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കാഴ്ച നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.
മൂക്കില്‍ നിന്ന് കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരികയെന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, പല്ലുവേദന, പല്ല് കൊഴിയല്‍, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍.