തിരുവനന്തപുരം: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കാരങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്കാരങ്ങളാണ് ലക്ഷദ്വീപില്‍ നിലവില പ്രതിഷേധത്തിന് കാരണം. വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ബിനോയി വിശ്വവും എളമരം കരീമും രാഷ്ട്രപതിക്ക് കത്തയച്ചു. ജനവികാരം പരിഗണിക്കാതെയുളള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എംപിമാര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.
അതേസമയം, പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ക്യാമ്പെയിനുകള്‍ക്ക് പിന്തുണയുമായി സിനിമാ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പ്രഫുല്‍ പട്ടേല്‍ ഒന്നിനുപിറകേ ഒന്നായി ലക്ഷദ്വീപില്‍ കൊണ്ടുവന്ന ഉത്തരവുകളാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയും ഗുണ്ടാആക്ട് നടപ്പാക്കിയും തീരസംരക്ഷണ നിയമത്തിന്റെ പേരു പറഞ്ഞ് മല്‍സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുകളഞ്ഞതുമെല്ലാമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതാണ് ഏറ്റവും ഒടുവിലുത്തേത്. അഡ്മിനിട്രേറ്ററുടെ നടപടികള്‍ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാര്‍ഥി സംഘടനകള്‍ അടക്കമുളളവര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ദ്വീപ് ഡയറി ന്യൂസ് എന്ന പോര്‍ട്ടല്‍ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞു.
നേരത്തെ, അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മയുടെ മരണത്തോട് കൂടിയാണ് ലക്ഷദ്വീപിൽ സ്ഥിതിഗതികൾ വഷളാകുന്നത്. ദിനേശ്വർ ശർമ്മയ്ക്ക് പകരക്കാരനായി ദാദ്ര ആൻഡ് നാഗർ ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുൽ കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ എന്ന അധിക ചുമതല കൂടി 2020 ഡിസംബർ അഞ്ചിന് കേന്ദ്രസർക്കാർ നൽകി. ഇതോടെയാണ് ലക്ഷദ്വീപിലെ സ്ഥിതിഗതികൾ മാറിയത്.
കുറ്റകൃത്യങ്ങൾ കുറഞ്ഞ സ്ഥലമെന്ന നിലയിൽ ലോകശ്രദ്ധയാകർഷിച്ച ലക്ഷദ്വീപിൽ ഗുണ്ട ആക്ട് ഏർപ്പെടുത്തിയത് കേന്ദ്രനീക്കത്തിൽ പ്രതിഷേധിക്കുന്നവരെ കുടുക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. മദ്യനിരോധിത മേഖലയായ ഇവിടെ ബാർ ലൈസൻസ് അനുവദിക്കുന്നതിലൂടെ നാടിെൻറ സംസ്കാരത്തെ ചോദ്യം ചെയ്യുകയാണെന്ന് ദ്വീപ് നിവാസികൾ ചൂണ്ടിക്കാട്ടുന്നു. നടപടിയിൽ ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷനടക്കം ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകളും നേതാക്കളും ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി രംഗത്തെത്തി.
സർക്കാർ ഓഫീസുകളിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും തീരസംരക്ഷണത്തിനെന്ന പേരിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുകളഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായി. 2011ലെ നിയമ പ്രകാരം 50 മീറ്ററിനടുത്ത കോസ്റ്റൽ റെഗുലേറ്ററി സോണുകളിൽ നിർമ്മാണ പ്രവൃത്തികൾ നടത്താൻ പാടില്ല എന്നായിരുന്നു ഉത്തരവ്. പിന്നീടിത് 20 മീറ്ററാക്കി. പക്ഷേ മത്സ്യതൊഴിലാളികൾക്ക് ഉപജീവന മാർഗത്തിനാവശ്യമായ വലകളും മറ്റ് ഉപകരണങ്ങളും കടൽ തീരത്തിനടുത്ത് സൂക്ഷിക്കുന്നതിൽ പ്രശ്നമില്ലായിരുന്നു. പക്ഷേ ഇപ്പോൾ സർക്കാർ ഭൂമിയിലാണ് ഇതെല്ലാം ഉള്ളതെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ഷെഡുകളുൾപ്പെടെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു കളയുകയാണ്.