യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യോഗം വിളിച്ചു. വെർച്വൽ കൂടിക്കാഴ്ചയിൽ ഒഡിഷ, ആന്ധാപ്രദേശ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരുമായും ആൻഡമാൻ നിക്കോബാർ ദ്വീപ് ലെഫ്നന്റ് ഗവർണറുമായും ചർച്ച നടത്തും. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, ടെലികോം, പവർ, സിവിൽ ഏവിയേഷൻ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
ബുധനാഴ്ച വൈകിട്ടോടെ പശ്ചിമ ബംഗാളിനും ഒഡിഷയിലെ വടക്കൻ തീരത്തിനുമിടയിലെ കരയിലേക്ക് യാസ് പ്രവേശിക്കും. ഒഡിഷയിലും പശ്ചിമ ബംഗാളിലുമായിരിക്കും ചുഴലിക്കാറ്റിന്റെ ആഘാതം കൂടുതലായുണ്ടാകുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്റമാൻ നിക്കോബാർ ദ്വീപുകളിലും വ്യാപകമായ മഴയുണ്ടാകും. യാസിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ ആദ്യ ഘട്ട ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. പാരാദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗതയിൽ യാസ് കരതൊടുമെന്നാണ് പ്രവചനം. നിലവിൽ ഒഡിഷയിലെ ബലോസറിൽ നിന്ന് 700 കി.മി അകലെയാണ് ന്യൂനമർദമുള്ളത്.