തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷ-ബംഗാള്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്കി. ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കാവുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എങ്കിലും ഇന്നു മുതല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, തിരുവനന്തപുരം ,ആലപ്പുഴ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ ആറ് മണിക്കൂറായി ,മണിക്കൂറില്‍ 4 കി മി വേഗതയില്‍ പടിഞ്ഞാറ് -വടക്ക് ദിശയില്‍ സഞ്ചരിച്ചു ഇന്നലെ രാത്രി 11 .30 ഓടെ അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി. വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെയോടെ ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി മാറാനുമാണ് സാധ്യത.
ഒമാന്‍ നിര്‍ദ്ദേശിച്ച ‘യാസ്’ എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. തുടര്‍ന്ന് വടക്കു -വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിചു മെയ് 26 നു രാവിലെയോടെ പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡിഷ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.